expr:class='"loading" + data:blog.mobileClass'>

Sunday, July 22, 2012

കഥ ഇതു വരെ

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്, എന്ന് പറഞ്ഞാല്‍ ഏകദേശം 3 - 4 കൊല്ലം മുന്‍പാണ് , എഴുത്തിന്റെ അസുഖം ആദ്യമായി തുടങ്ങുന്നത്... അക്ഷരങ്ങള്‍ കൊണ്ട് അമ്മാനം ആടിയിരുന്ന വലിയ എഴുത്തുകാരുടെയൊന്നും പുസ്തകങ്ങളോ കൃതികളോ ഒന്നും മുന്‍പ് സ്കൂളില്‍ പഠിക്കാനല്ലാതെ വായിച്ചിട്ടില്ല, പറയത്തക്ക പാരമ്പര്യവും ഇക്കാര്യത്തില്‍ അവകാശപ്പെടാനില്ല... എന്നിട്ടും എങ്ങനെ വന്നു ഈ സൂക്കേട് എന്ന് അന്നും ഇന്നും ആലോചിച്ചിട്ടു ഒരു പിടിയും കിട്ടിയിട്ടില്ല... എന്തായാലും അങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങി... ഈ ബ്ലോഗ്ഗെറില്‍ തന്നെ. ആവേശകരമായ തുടക്കം.. പ്രതീക്ഷകളോടെ ഓരോന്നായി എഴുതി തുടങ്ങി... ചെറിയ ചെറിയ പോസ്റ്റുകള്‍. മനസ്സിനെ വിശ്രമിക്കാന്‍ വിടാതെ ആശയങ്ങള്‍ക്കും വിഷയങ്ങള്‍ക്കുമായി ചിന്തിച്ച് കൊണ്ടേയിരുന്നു... പക്ഷെ ഒരു വേലിയേറ്റത്തില്‍ പാദങ്ങളെ കുളിര്‍പിച്ചു മടങ്ങി പോകുന്ന കടലിനെ പോലെ, ആ അക്ഷരങ്ങളും മടങ്ങി, ഒന്നും പറയാതെ... വീണ്ടും അവ പലവട്ടം വന്നു പോയി... സ്ഥലകാല ബോധമോ, സമയ ബന്ധമോ ഇല്ലാതെ, ഒട്ടും വിചാരിക്കാത്ത സമയങ്ങളില്‍... ഒന്നിനോടും അരുതെന്ന് പറഞ്ഞില്ല, മനസ്സില്‍ ഒരിടം കൊടുത്ത് 2-3 ദിവസം തലപുകച്ച്, പഴയത് പോലെ വീണ്ടും തിരികെ വണ്ടി കേറ്റി വിട്ടു. അടുത്ത വരവിനു കാണാമെന്ന് പറഞ്ഞ്... പക്ഷെ വരവിന്റെ തോത് കുറഞ്ഞിരുന്നു, അപ്പോഴേക്കും... അങ്ങനെ അധികം വൈകാതെ ആശയ ദാരിദ്ര്യം മൂലം ആ ബ്ലോഗ്‌ നിലച്ചു... 


വീണ്ടും ഒരു 2 കൊല്ലത്തോളം കഴിഞ്ഞാണ് ബ്ലോഗിങ്ങിലേക്ക് തിരിച്ചു വരണം എന്ന ആഗ്രഹം ശക്തമാകുന്നത്... പക്ഷെ അപ്പോഴേക്കും ആ പഴയ ബ്ലോഗ്‌ എവിടെ ആണെന്നോ അത് എങ്ങനെ കണ്ടു പിടിക്കുമെന്നോ അറിയാനാവാത്ത അവസ്ഥയിലായി ഞാന്‍.. എത്ര ശ്രമിച്ചു നോക്കിയിട്ടും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ആ ബ്ലോഗ്‌ എവിടെ പോയി എന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ല... ഒടുവില്‍ വീണ്ടും പുതിയൊരെണ്ണം തുടങ്ങാന്‍ തന്നെ തീരുമാനിച്ചു... വീണ്ടും ബ്ലോഗ്ഗെറിന്റെ പടിവാതില്കള്‍ ചെന്ന് നിന്നു...  പക്ഷെ അവിടെ എന്നെ കാത്തിരുന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ഒന്നായിരുന്നു - എന്റെ ആ പഴയ ബ്ലോഗിനെ അതെ പടി, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പ്രിയപ്പെട്ട ഗൂഗിള്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു... എന്റെ ഗൂഗിള്‍ പ്രൊഫൈല്‍ ഐ ഡി ഉപയോഗിച്ച് സിംഗിള്‍ സൈന്‍ ഇന്‍ സങ്കേതം വഴി എന്റെ ആ ബ്ലോഗിനെയും ഗൂഗിള്‍ സംരക്ഷിച്ചു വന്നിരുന്ന സത്യം അല്പം വൈകിയാണെങ്കിലും അന്ന് ഞാന്‍ മനസ്സിലാക്കി... ഒപ്പം സ്വയം ഒരു തീരുമാനവും, ഇനിയിത് കൈമോശം വരില്ല എന്ന്... 

പുനരാരംഭിച്ച ആ യാത്രയും പക്ഷെ, വീണ്ടും പാതിവഴിയില്‍ വഴി പിരിച്ചു വിട്ടു. എഴുത്ത് നിര്‍ത്തിയിരുന്നില്ല ഇത്തവണ. കാരണക്കാരന്‍ ആഡ്‌സെന്‍സ്‌. മാസങ്ങളോളം മെനക്കെട്ടു ഒടുവില്‍ ചില ചെറിയ വലിയ മാറ്റങ്ങള്‍ വരുത്തി, ഗൂഗിളിന്റെ മുഖം പ്രസാദിപ്പിച്ച്  ആ പണമരം ബ്ലോഗ്ഗില്‍ നട്ടു. ഒപ്പം കിട്ടിയത് കുറെയേറെ വിലക്കുകളും. അങ്ങനെ ഒരു വഴിയെ ആ ബ്ലോഗിനെ ആഡ്‌സെന്‍സ്‌ കേറ്റി വിട്ടു, അടുത്ത വഴിയില്‍ പുത്തന്‍പണക്കാരന്‍ വേര്‍ഡ്‌ പ്രസ്സ് കടന്നു വന്നു . കൂട്ടത്തില്‍ മിന്നിയത് വേര്‍ഡ്പ്രസ്സ് തന്നെ. മനോഹരമായ തീമുകളും ലാളിത്യവും കൊണ്ട്, വേര്‍ഡ്‌ പ്രസ്‌ എന്നെ ആകര്‍ഷിച്ചു.. ഒപ്പം ഒരു വല്ലാത്ത രാശി ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, നവംബറില്‍ അവിടെ കട തുടങ്ങിയതില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ഗൂഗിളിന് എന്ത് കൈ വിഷമാണ് കൊടുത്തതെന്ന് അറിയില്ല, പ്രതേകിച്ചു ഒരു പരിക്രമവും കാട്ടാതെ തന്നെ പുള്ളിക്കാരന്‍ ദിവസം കഴിയും തോറും ഉലകത്തിന്റെ പല മൂലകളില്‍ ഉള്ള മലയാളികളെ (ബാക്കിയുള്ളവര്‍ക്കായി അധികം ഒന്നും അതിലില്ല ) അതില്‍ വരുത്തി തന്നു...ഒപ്പം പ്രതീക്ഷകളെ കടത്തിവെട്ടികൊണ്ട് അനുദിനം മുന്നേറി അര ലക്ഷത്തിന്റെ വാതില്‍കല്‍ എത്തി നില്‍ക്കുന്ന വ്യുവര്‍ഷിപ്പ്. 

അങ്ങനെ സന്തോഷവാനായി ആ ഒരു കൊച്ചു ബ്ലോഗുമായി സമാധനിച്ചിരുന്ന സമയത്താണ് അല്‍പ ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ മലയാളം ബ്ലോഗേഴ്സ് എന്ന ഗ്രൂപ്പ്‌ കാണാനിടയാകുന്നതും അതില്‍ കൂട്ട് ചേരുന്നതും... പക്ഷെ അധികം വൈകാതെ മനസ്സിലായി, ബൂലോകം ഏറെക്കുറെ കുടിയിരിക്കുന്നത് ബ്ലോഗ്ഗെറില്‍ തന്നെയെന്നും എന്തെങ്കിലും കാട്ടിക്കൂട്ടണമെങ്കില്‍ അവിടെ തന്നെ തിരിച്ചു ചെല്ലണമെന്നും. പക്ഷെ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്ന അട്സെന്സിന്റെ മുഖം കറുപ്പിക്കാനും വയ്യ. (പുള്ളിക്ക് മലയാളം അലെര്‍ജി ആണ് പോലും! ). വേറെന്തു വഴി, ഉടനെ കുത്തിയിരുന്ന്, രാത്രി തന്നെ രണ്ടു-മൂന്നു കൂട്ടരെയും സംഘം ചേര്‍ത്ത് ഇല്ലാത്തതും കേള്‍ക്കാത്തതും ആരും എടുകാതെ പോയതുമായ കുറെ പേരുകള്‍ തപ്പിയെടുത്ത് പുത്തന്‍ ബ്ലോഗ്ഗിനു പേരുമിട്ടു ഹരിശ്രീ കുറിച്ചു... 'വിരാടം'.

കഥ ഇത് വരെ എത്തി നില്‍കുന്നു... കൂടുതല്‍ അനുഭവങ്ങളും ആശയങ്ങളും തേടിയുള്ള യാത്ര തുടരുന്നു...